മലയാളത്തിന്റെ പൊന്നമ്പിളി , മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു അമ്പിളി ചേട്ടൻ എന്ന സ്നേഹത്തോടെ ഏവരും വിളിക്കുന്ന ജഗതി ശ്രീകുമാർ (Jagathy Sreekumar). നടന് എന്ന പദത്തിനു മലയാള സിനിമയില്‍ ഏറ്റവും അനുയോജ്യനായ ഒരാള്‍.
ഹാസ്യനടന് എന്ന രീതിയിലാണ് ഏറ്റവുമധികം അറിയപെട്ടതെങ്കിലും വില്ലന്‍, സഹനടന്‍, നായകന് തുടങ്ങി ഒട്ടുമുക്കാല്‍ റോളുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ആയിരത്തില്‍പരം സിനിമയില്‍ വേഷമിട്ട അദ്ദേഹത്തിനു ആ പേരില്‍ തന്നെ ഒരു ഗിന്നസ് റെക്കോര്‍ഡുമുണ്ട്.
സ്വന്തമായി 2 സിനിമകള്‍ സംവിധാനം ചെയ്യുകയും 2 സിനിമകള്‍ക്ക് തന്നെ തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്.
അമ്പിളിചേട്ടന്റെ പാട്ടുകള്‍ ഓര്‍ക്കുമ്പോള്‍ തന്നെ ചിരി ഉണര്‍ത്തും. “രാമ ശ്രീരാമാ, പിസ്താ സുമാക്കിരാ, ജല ജല ജലജ, പാവാടാ പെണ്ണെ, കടലു കടല” ഇവയൊക്കെയാണ് പെട്ടെന്ന് മനസ്സിലേക്ക് എത്തുന്നത്. ഇവയൊക്കെയും നമ്മള് ഇന്നും ഓര്‍ക്കുന്നുണ്ടെങ്കില്‍ അത് അമ്പിളിചേട്ടന്റെ അവതരണം ഒന്നുകൊണ്ടുമാത്രമാണ്.
ഒരു കാലത്ത് മലയാള സിനിമാതാരങ്ങൾ മിന്നിയത് ഈ അമ്പിളി പ്രഭയിലാണ് എന്നതില്‍ യാതൊരു സംശയവുമില്ല. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് എന്നിങ്ങനെ ഒട്ടുമിക്ക മുന്‍നിര താരങ്ങള്‍ അമ്പിളിചേട്ടന്റെ കൂടെ അഭിനയിച്ചപ്പോള്‍ നമ്മള് കണ്ടത് ഉത്സവമാരുന്നു.
കൂട്ടുകെട്ടിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യമെത്തുന്നത് മോഹൻലാൽ – ജഗതി കൂട്ടുകെട്ടാണ്. ഇവര്‍ ഒരുമിച്ച ഒരുപാട് ചിത്രങ്ങള്‍ “മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, താളവട്ടം, യോദ്ധ, കിലുക്കം, മിന്നാരം, തുടങ്ങിയവ നമ്മുക്ക് ചിരിയുടെ പൂരം സമ്മാനിച്ചു. ഇവരിലൂടെ ഒഴുകിയെത്തിയ നിരവധി കഥാപാത്രങ്ങള്‍ , അശോകൻ – അപ്പുക്കുട്ടൻ, ജോജി – നിശ്ചലുമൊക്കെ നമ്മുക്കൊപ്പം ഇപ്പോഴും ജീവിക്കുന്നുണ്ട്.
ഒരു കാലത്ത് പ്രേം നസീർ – അടൂർ ഭാസി കൂട്ടുകെട്ടുപോലെ ഈ കൂട്ടുകെട്ടും തിളങ്ങി. ഇപ്പോൾ ഈ തിളക്കത്തിനു മങ്ങലേറ്റിരിക്കുന്നു. ഉജ്ജ്വലമായ തിളക്കത്തോടെ നമ്മുടെ അമ്പിളിചേട്ടന് ‘ചിരി’ച്ചെത്തട്ടെയെന്നു എന്നു നമ്മുക്ക് പ്രാർത്ഥിക്കാം.