ആശാനെ എന്ന വിളി
വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെത്തി ശേഷം ഹാസ്യത്തിലൂടെ നമ്മളെയൊക്കെ ചിരിപ്പിച്ച മഹാപ്രതിഭ… നമ്മുടെ സ്വന്തം ഹനീഫ് ഇക്ക. ഇക്കയെ ഓർക്കുമ്പോഴേ നമ്മുടെ മനസ്സിലേക്കു കടന്നു വരുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. മാന്നാർ മത്തായിലെ എൽദോ, ഈ പറക്കും തളികയിലെ വീരപ്പൻ കുറുപ്പ്, കിരീടത്തിലെ ഹൈദ്രോസ്, പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളി, അവയിൽ ചിലതു മാത്രം.
നടനായി മാത്രം അദ്ദേഹം ഒതുങ്ങി നിന്നില്ല.നല്ലൊരു സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു അദ്ദേഹം. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം സംവിധായകൻറെ തൊപ്പിയണിഞ്ഞു. മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും മമ്മുക്കയായിരുന്നു നായകൻ. വാത്സല്യം എന്ന ഒറ്റ ചിത്രം മതി..അദ്ദേഹമെന്ന സംവിധായകനെ കാണാൻ. അക്കാലത്തെ മികച്ച കുടുംബ ചിത്രമായിരുന്നു വാത്സല്യം. അങ്ങനെ ഒരു പിടി നല്ല സിനിമകളും കഥാപാത്രങ്ങളും നൽകി അദ്ദേഹം നമ്മെ വിട്ട് പോയി.
എങ്കിലും ആശാനെ എന്ന വിളിയുമായി ഈ എൽദോ ഓർമ്മകളിൽ നമ്മുക്കൊപ്പമുണ്ട്, എന്നും എപ്പോഴും